വർഷങ്ങൾക്ക് മുൻപ് ഞാൻ കോളേജിൽ പഠിയ്ക്കുന്ന കാലം, എനിക്കും എന്റെ ഉറ്റ സുഹൃത്ത് (കഥയിലെ വില്ലൻ) സുധീഷിനുംSudheesh T S Thekkeparambil രാജാക്കാട്ടിലെ അക്ഷയ ഹോട്ടലിൽ നിന്നും പൊറോട്ടയും ബീഫ് ഫ്രൈയും കഴിയ്ക്കാൻ തോന്നുന്നിടത്തു നിന്നാണ് കഥ ആരംഭിക്കുന്നത്
ഒരു ദിവസം ലഞ്ച് ബ്രേക്കിന്റെ സമയത്ത് ഞാനും സുധീഷും ഹോട്ടലിൽ പോയി ഭക്ഷണം കഴിയ്ക്കാൻ തീരുമാനിച്ചു , പക്ഷേ ഒരു പ്രശ്നം കൈയ്യിൽ ആവശ്യത്തിന് പണമില്ല. ആരോട് പണം കടം വാങ്ങും എന്ന് ആലോചിച്ച് നിൽക്കുമ്പോഴാണ് മാലാഖയേപ്പോലെ BA ക്ലാസിലെ വിദ്യാർത്ഥിനിയും ഞങ്ങളുടെ സുഹൃത്തുമായ അനീഷ അവളുടെ ക്ലാസിൽ നിന്നും പുറത്തേയ്ക്ക് വരുന്നത്... അവളോട് പണം കടം വാങ്ങിയാലോ എന്ന് ഞങ്ങൾ ആലോചിച്ചെങ്കിലും എങ്ങനെ തിരിച്ചു കൊടുക്കും എന്ന ചോദ്യം മനസിൽ തെളിഞ്ഞപ്പോൾ ഞാൻ ആ പദ്ധതി ഉപേക്ഷിച്ചു. അപ്പോഴാണ് സുധീഷ് എന്നോട് പറഞ്ഞത് , നീ ധൈര്യമായിട്ട് കാശ് കടം വാങ്ങിക്ക് ഞാൻ നാളെ തരാം എന്ന്, അവന്റെ സ്വഭാവം നന്നായിട്ട് അറിയാവുന്ന ഞാൻ പറ്റില്ല എന്നു തന്നെ മറുപടി കൊടുത്തെങ്കിലും വീണ്ടും അവൻ നിർബ്ബന്ധിച്ചതുകൊണ്ടും, പണം നാളെ തരാം എന്ന് പറഞ്ഞതു കൊണ്ടും പിന്നെ പൊറോട്ടയുടേയും ബീഫ് ഫ്രൈയുടെയും രുചി ഓർത്തതു കൊണ്ടും അവസാനം ഞാൻ അനീഷയോട് 50 രൂപ കടം ചോദിച്ചു, നാളെ തന്നെ തിരിച്ചു തരാം എന്ന എന്റെ ഉറപ്പിൽ അവൾ പണം തന്നു. ( അപ്പോൾ റാംജി റാവു സ്പീക്കിങ്ങ് എന്ന സിനിമയിലെ ഗുലുമാൽ എന്ന പാട്ട് അവിടെ മുഴങ്ങിയോ എന്ന് ഇപ്പോഴും ഞാൻ ആലോചിക്കാറുണ്ട് ) അപ്പോൾ തന്നെ ഞാനും സുധീഷും അക്ഷയ ഹോട്ടലിൽ ചെന്ന് പൊറോട്ടയും ബീഫ് ഫ്രൈയും അകത്താക്കി.
അടുത്ത ദിവസം രാവിലെ തന്നെ ഞാൻ സുധീഷിനോട് പണം തിരികെ ചോദിച്ചു , എന്നാൽ പ്രതീക്ഷിച്ചതു പോലെ തന്നെ സുധീഷ് അവന്റ യഥാർത്ഥ സ്വഭാവം കാണിക്കുകയാണുണ്ടായത് . അവന്റെ കൈയ്യിൽ ഇപ്പേൾ കാശില്ല എന്നും പിന്നീട് തരാം , മാത്രമല്ല നീയാണ് പൈസ കടം വാങ്ങിയത് അതുകൊണ്ട് തിരിച്ചു കൊടുക്കേണ്ട ഉത്തരവാദിത്വവും നിന്റേതാണെന്നും എന്നും എന്നോട് പറഞ്ഞു.
ആ സമയത്ത് എനിയ്ക്ക് കുങ് - ഫു ക്ലാസുകൾ ഉണ്ടെങ്കിലും മാസത്തിന്റെ പകുതി ആയതു കൊണ്ട് എന്റെ ശിഷ്യഗണങ്ങൾ ആരും ഫീസ് തരാൻ സാധ്യതയില്ലാത്തതു കൊണ്ടും
പണം തിരികെ കൊടുക്കാൻ വേറെ മാർഗ്ഗമൊന്നും മുൻപിൽ തെളിയാത്തതു കൊണ്ടും രണ്ട് ദിവസം അനീഷയെ കാണാതെ ഞാൻ മുങ്ങി നടന്നു. നിർഭാഗ്യവശാൽ മൂന്നാമത്തെ ദിവസം ഞാൻ കൃത്യമായിട്ടും അവളുടെ മുൻപിൽ തന്നെ ചെന്നു ചാടി . പക്ഷേ അവൾ എന്നോട് പണം തിരികെ ചോദിയ്ക്കുന്നതിനു മുൻപ് തന്നെ നാളെ രാവിലെ പത്ത് മണിയ്ക്ക് കാശ് തിരിച്ചു തരാം എന്ന് ഞാൻ അങ്ങോട്ട് പറഞ്ഞു. എന്നിട്ട് ഞാൻ അവിടെ നിന്ന് രക്ഷപെട്ടു. ഇതെല്ലാം കണ്ട് എന്റെ സുഹൃത്ത് സുധീഷ് അവിടെ നിന്ന് ചിരിയ്ക്കുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു....
ഡിസംബർ മാസമായതുകൊണ്ട് കൊടും തണുപ്പാണെങ്കിലും അടുത്ത ദിവസം അതിരാവിലെ തന്നെ ഞാൻ ഉണർന്നു . കൈയ്യിൽ ആകെയുള്ളത് ഒരു അഞ്ച് രൂപാ നോട്ട് മാത്രം , ആവിശ്യമുള്ളതോ 50 രൂപായും ... രാവിലെ ആറ് മണിക്ക് തന്നെ കൈയ്യിലുണ്ടായിരുന്ന 5 രൂപായും പോയിക്കിട്ടി... എങ്ങിനെയാണെന്നല്ലേ? രാവിലെ തന്നെ രാജാക്കാട് ടൗണിൽ ഏറ്റവും രുചികരമായ ചായയും കാപ്പിയും കിട്ടുന്ന ഒരു കടയുണ്ടായിരുന്നു .. ബിനീഷ് ചേട്ടന്റെ ചായക്കട (ഇന്നത്തെ ഹോട്ടൽ ഹിൽ സ്റ്റാർ) അവിടെ ചെന്ന് 5 രൂപാ കൊടുത്ത് ഒരു കാപ്പി കുടിച്ചു... ബിനീഷ് ചേട്ടന്റെ കടയിലെ കാപ്പി കുടിച്ചാൽ രാവിലെ തന്നെ ഒരു പ്രത്യേക എനർജി ലഭിക്കും (ഇവിടെ ഡൽഹിയിലെ സ്റ്റാർ ബക് സിലോ കഫേ കോഫി ഡേയിലോ പോലും അത്രയും രുചികരമായ കാപ്പി എനിക്ക് ലഭിച്ചിട്ടില്ല) ... അങ്ങിനെ ലഭിച്ച എനർജിയിൽ ഞാൻ വീട്ടിലേയ് തിരിച്ചു നടന്നു.
സമയം രാവിലെ 6.30 ഇനി വെറും മൂന്ന് മണിക്കൂർ മാത്രം. ഇന്നും അനീഷയ്ക്ക് പണം തിരികെ കൊടുക്കാൻ പറ്റില്ല എന്ന് എനിക്ക് മനസിലായി , അതു കൊണ്ട് പണം തിരികെ കൊടുക്കുന്നതു വരെ അവളെ കാണാതെ മുങ്ങി നടക്കാൻ ഞാൻ തീരുമാനിച്ചു.
ഇനിയാണ് ട്വിസ്റ്റ്!!!
സമയം രാവിലെ 6.30 ആയെങ്കിലും ഡിസംബർ മാസമായതുകൊണ്ട് ഭയങ്കര തണുപ്പാണ്. തണുപ്പ് മാറ്റാൻ ഏറ്റവും ലളിതമായ മാർഗ്ഗമെന്ന നിലയ്ക്ക് കുറച്ചു കുങ്-ഫു പരിശീലനം നടത്താൻ ഞാൻ തീരുമാനിച്ചു.( കാരണം കുങ്-ഫു ഡ്രസ്സിന് നല്ല കട്ടിയുള്ളതു കൊണ്ട് ശരീരത്തിൽ അധികം തണുപ്പ് ഏൽക്കില്ല)
രാവിലെ തന്നെ കുങ്-ഫു ഡ്രസ്സ് ധരിച്ച് ഞാൻ വീടിന്റെ മുറ്റത്തേയ്ക്ക് ഇറങ്ങി എന്നിട്ട് "കസർത്ത്" ആരംഭിച്ചു . കുറച്ചു കഴിഞ്ഞപ്പോൾ മനോജ് മാഷ് എനിക്ക് പഠിപ്പിച്ചു തന്ന നഞ്ചക്ക് (ഒരു മാർഷ്യൽ ആർട്ട്സ് വെപ്പൺ)അഭ്യാസം ഞാൻ തുടങ്ങി. മുകളിൽ ഇരുന്നു കൊണ്ട് ഇതെല്ലാം ഒരാൾ കാണുന്നുണ്ടായിരുന്നു!!! ദൈവം ആയിരിക്കും എന്ന് നിങ്ങൾ കരുതുന്നുണ്ടല്ലേ എങ്കിൽ തെറ്റി.......
അതു മറ്റാരുമല്ല... അന്നത്തെ രാജാക്കാട് ക്രിക്കറ്റ് ടീം ക്യാപ്റ്റനും സകലകലാവല്ലഭനുമായ ശ്രീമാൻ അനുലാലിന്റെ വീടിന്റെ മുകളിലെ നിലയിൽ പുതിയതായി വാടകയ്ക്ക് താമസിക്കാൻ വന്ന ഏകദേശം ഒരു 30 വയസു പ്രായമുള്ള ഒരു ലുങ്കിയുടുത്ത ഒരാളായിരുന്നു അത്. കുറച്ചു കഴിഞ്ഞപ്പോൾ അദ്ദേഹം എന്നെ വിളിച്ചു എന്നിട്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഒന്നു വരാമോ എന്ന് ചോദിച്ചു. ആദ്യം ഞാൻ പോയില്ല എങ്കിലും വീണ്ടും നിർബന്ധിച്ചപ്പോൾ മനസില്ലാ മനസോടെ ഞാൻ അയാളുടെ അടുത്തേയ്ക്ക് , അതായത് അനുലാലിന്റെ വീടിന്റെ രണ്ടാം നിലയിലേക്ക് അതേ വേഷത്തിൽ തന്നെ (കുങ്- ഫു ഡ്രസ്സിൽ )ഞാൻ ചെന്നു. അദ്ദേഹം എന്നെ പരിചയപ്പെട്ടു എന്നിട്ട് അയാളുടെ വീട് കൊല്ലം ജില്ലയിൽ(കൃത്യമായിട്ട് ഞാൻ ഓർക്കുന്നില്ല) ആണെന്നും ലവ് മാര്യേജ് കഴിഞ്ഞിട്ടാണ് ഇവിടെ എത്തിയത്, അതു കൊണ്ട് ഭാര്യവീട്ടിൽ നിന്നും ഭീഷണിയുണ്ട് , കുറച്ച് അഭ്യാസങ്ങൾ പഠിപ്പിച്ചു തരണമെന്നും എന്നോട് ആവശ്യപ്പെട്ടു. അതിനെന്താണ് പഠിപ്പിച്ചു തരാം എന്ന് ഞാൻ അയാളോട് മറുപടിയും പറഞ്ഞു. ആ സമയത്ത് അദ്ദേഹത്തിന്റെ ഭാര്യ എനിക്ക് ഒരു ചായ കൊണ്ടുവന്നു തന്നു. ആ ചായ ഞാൻ കുറച്ചു കുടിച്ചു, അപ്പോൾ എനിക്ക് ഒരു കാര്യം മനസ്സിലായി...... എന്താണന്നല്ലേ ???.. അദ്ദേഹത്തിന് ഭാര്യവീട്ടുകാരെ മാത്രമല്ല ജീവിതാവസാനം വരെ ഭാര്യയുടെ പാചകത്തേയും പേടിക്കണമെന്ന് !!! ( വിഷം കുടിച്ചാൽ പോലും ആ ചായയേക്കാൾ ടേസ്റ്റ് കാണും)
അയാൾ എന്നോട് അഭ്യാസങ്ങൾ പഠിപ്പിച്ചു തരണം എന്നു പറഞ്ഞെങ്കിലും ഞാൻ കരുതിയത് വെറുതെ പറയുന്നതാണെന്നാണ് എന്നാൽ അയാൾ കാര്യമായിട്ടാണ് പറഞ്ഞതെന്ന് 2 മിനിട്ടിനുള്ളിൽ തന്നെ എനിക്ക് മനസിലായി... എങ്ങിനെയാണെന്നല്ലേ?
ഞാൻ വളരെ കഷ്ടപ്പെട്ട് അവർ തന്ന ചായ കുടിച്ചു തീർത്തത് .ഇനിയും അവിടെ നിന്നാൽ ശരിയാവില്ല എന്ന് എനിക്ക് തോന്നിയതുകൊണ്ട് ഞാൻ അവിടെ നിന്നും തിരിച്ചു പോരുവാൻ തീരുമാനിച്ചു. അങ്ങിനെ ഞാൻ അവരോട് പിന്നെ കാണാം എന്നു പറഞ്ഞ് താഴേയ്ക്ക് ഇറങ്ങാൻ തുടങ്ങി, അപ്പോൾ അയാൾ ഒരു മിനിട്ട് എന്നു പറഞ്ഞ് അകത്തേയ്ക്ക് കയറിപ്പോയി. ... ഇനി അയാളുടെ "ഭാര്യ പാചകം ചെയ്ത ഭക്ഷണം" വല്ലതും എടുത്തു കൊണ്ടുവരാൻ പോയതാണോ എന്ന് ആലോചിച്ചപ്പോൾ ഞാൻ ഒന്നു ഭയന്നു ..... എന്നാൽ സംഭവിച്ചത് മറ്റൊന്നായിരുന്നു .ലുങ്കിയുടുത്ത് അകത്തേയ്ക്ക് കയറിപ്പോയ അയാൾ ഇറങ്ങി വന്നത് ഒരു പാന്റ്സ് ധരിച്ചായിരുന്നു. എന്നിട്ട് എന്നോട് ഇപ്പോൾ തന്നെ കുറച്ച് നമ്പരുകൾ പഠിപ്പിച്ചു തരണം എന്ന് എന്നോട് ആവശ്യപ്പെട്ടു. എനിക്ക് തീരെ താത്പര്യമില്ലായിരുന്നെങ്കിലും അയാളുടെയും ഭാര്യയുടേയും തുടർച്ചയായുള്ള നിർബ്ബന്ധം കാരണം ബേസിക് ആയിട്ടുള്ള കുറച്ചു കാര്യങ്ങൾ പഠിപ്പിച്ചു കൊടുക്കാൻ ഞാൻ തീരുമാനിച്ചു .... പെട്ടെന്നാണ് അത് സംഭവിച്ചത്!!!! എന്താണെന്നല്ലേ??? അയാൾ എന്റെ അടുത്തേയ്ക്ക് വന്നിട്ട് പോക്കറ്റിൽ നിന്നും എന്തോ എടുത്ത് എന്റെ കൈയ്യിൽ തന്നിട്ട് കാലിൽ തൊട്ട് നമസ്കരിച്ചു ( "എന്റെ കളരി പരമ്പര ദൈവങ്ങളേ " എന്ന് അപ്പോൾ അയാൾ പറഞ്ഞോ???) അയാൾ എന്താണ് എന്റെ കൈയ്യിൽ തന്നതെന്ന് ഞാൻ വെറുതെ ഒന്നു നോക്കി , യഥാർത്ഥത്തിൽ അപ്പോഴാണ് ഞാൻ ഞെട്ടിയത് .... 101 രൂപാ ... എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. അനീഷയുടെ 50 രൂപ പോലും തിരിച്ചു കൊടുക്കാൻ കാശില്ലാതിരുന്ന അതേ കൈയ്യിൽ രാവിലെ തന്നെ 101 രൂപാ...... അയാൾ എനിക്ക് ദക്ഷിണയായി 101 രൂപാ തന്നിരിക്കുന്നു!!!!. അപ്പോൾ അവിടെ കിടന്ന് തുള്ളിച്ചാൻ എനിക്കു തോന്നിയെങ്കിലും സന്തോഷം പുറത്തു കാണിക്കാതെ ഞാൻ അവിടെ നിന്നു.കിട്ടിയ കാശ് തിരിച്ചു കൊടുക്കാൻ തീരെ താത്പര്യമില്ലെങ്കിലും ഞാൻ അയാളോട് പണമൊന്നും വേണ്ട എന്നു പറഞ്ഞു മടക്കി നൽകാൻ തുടങ്ങി... പക്ഷേ അയാൾ വാങ്ങിയില്ല ....
തുടർന്ന് ഞാൻ 10 മിനിട്ടു കൊണ്ട് അയാളെ ഒന്ന് രണ്ട് അഭ്യാസ മുറകൾ പഠിപ്പിച്ചു കൊടുത്തു, എന്നിട്ട് ഇന്ന് ഇത് മതിയെന്നു പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി.
പക്ഷേ കുറച്ചു കൂടെ അഭ്യാസങ്ങൾ പഠിയ്ക്കണമെന്ന അയാളുടെ ആവശ്യം ഗത്യന്തരമില്ലാതെ ഞാൻ അംഗീകരിച്ചു. പിന്നെ തുടർച്ചയായി ഒന്നര മണിക്കൂർ അതി കഠിനമായ വ്യായാമ മുറകൾ ഞാൻ അയാളെക്കൊണ്ട് അഭ്യസിപ്പിച്ചു.. അവസാനം തളർന്നു വീണ അയാൾ ബാക്കി നാളെ ചെയ്യാം എന്ന് എന്നോട് ആവശ്യപ്പെട്ടു. എങ്കിൽ നാളെ കാണാം എന്നു പറഞ്ഞ് ഞാൻ അവിടെ നിന്നും ഇറങ്ങി.... അനീഷയോട് വാക്ക് കൊടുത്തതുപോലെ തന്നെ രാവിലെ പത്ത് മണിയ്ക്ക് മുൻപ് തന്നെ അവളുടെ 50 രൂപാ ഞാൻ മടക്കി കൊടുത്തു!!!
മുൻപ് ഒരു പരിചയവുമില്ലാതിരിന്നിട്ടും രാവിലെ തന്നെ എന്നെ വിളിച്ച് 101 രൂപാ ദക്ഷിണ തന്ന അയാൾ ഒരു ദൈവമാണെന്നു പോലും ഞാൻ കരുതിപ്പോയി....... എന്നാൽ അയാൾ എന്നെ ഒരു ചെകുത്താനായിട്ടാണ് കരുതിയതെന്ന് എനിക്ക് പിന്നീടാണ് വ്യക്തമായത് ..മനസിലായില്ല അല്ലേ???
അടുത്ത ദിവസം കാണാമെന്നു പറഞ്ഞ അയാളെ പിന്നീടുള്ള രണ്ട് ദിവസം കണ്ടില്ല. അയാൾ എവിടെ പോയി?? ഭാര്യ വീട്ടുകാർ വന്ന് പിടിച്ചു കൊണ്ടു പോയോ ? തുടങ്ങിയുള്ള ചോദ്യങ്ങൾ എന്റെ മനസ്സിൽ മുഴങ്ങിക്കൊണ്ടിരുന്നു... എന്നാൽ മൂന്നാമത്തെ ദിവസം രാവിലെ ഞാൻ അയാളെ ബാൽക്കണിയിൽ കണ്ടു. എവിടെ പോയിരുന്നു രണ്ട് ദിവസം ബാക്കി പഠിക്കണ്ടേ എന്ന് ഞാൻ താഴെ നിന്നു കൊണ്ട് അയാളോട് ചോദിച്ചു...
"രണ്ട് ദിവസം എങ്ങോട്ടും പോയില്ല ശരീര വേദന കാരണം കിടന്ന കിടപ്പിലായിരുന്നു.. ഇതിലും ഭേതം ഭാര്യ വീട്ടുകാരുടെ കൈയ്യിൽ നിന്നും അടി വാങ്ങിക്കുന്നതായിരുന്നു" എന്നുള്ള അയാളുടെ മറുപടിയിൽ നിന്നും എനിക്ക് കാര്യങ്ങൾ എല്ലാം മനസിലായി!!!
പിന്നീടൊരിയ്ക്കലും അയാൾ കുങ് - ഫു പഠിയ്ക്കണമെന്ന ആവശ്യവുമായി എന്റെ അടുത്ത് വന്നിട്ടില്ല.
ഈ സംഭവത്തിൽ നിന്നും ഒരു കാര്യം എനിക്ക് മനസിലായത് ഒരു രക്ഷയുമില്ലാത്ത സമയത്ത് ദൈവം നമ്മുടെ മുൻപിൽ രക്ഷപെടാനുള്ള മാർഗ്ഗങ്ങൾ തെളിയിക്കും എന്നുള്ളതാണ്!!!!

